തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ആഫ്റ്റര്‍ കെയര്‍ ഹോമിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സൂപ്രണ്ടിനെ മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മരണമടഞ്ഞ രണ്ട് വിദ്യാര്‍ത്ഥിനികളുടെ രക്ഷാകര്‍ത്താക്കളേയും ബന്ധുക്കളേയും കെ കെ ശൈലജ ടീച്ചര്‍ ആശ്വസിപ്പിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയാണ് മന്ത്രി ബന്ധുക്കളെ കാണുകയും അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തത്. ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഹോമിലെ സൂപ്രണ്ടിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. എം. മുകേഷ് എം.എല്‍.എ., മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ജില്ലയിലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ ഇന്ന് രാവിലെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ 17 വയസുകാരിയേയും കൊല്ലം കളിന്താഴം സ്വദേശിനിയായ 15 വയസുകാരിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.