തിരുവനന്തപുരം: ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫീസിൽ മന്ത്രി കെടിഎ ജലീലിന്റെ മിന്നൽ പരിശോധന. ജീവനക്കാർക്കെതിരെ പരാതികള്‍ വർ‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. മന്ത്രിയുടെ സന്ദർശന സമയത്ത് അമ്പത് ശതമാനം ജീവനക്കാരും ഓഫീസിലുണ്ടായിരുന്നല്ല. പത്തരമണിയോടെയായിരുന്നു മന്ത്രി ജലീൽ ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫീസിലെത്തിയത്. മന്ത്രിയെത്തുമ്പോള്‍ പകുതിയലധികം കസേരകളും ഒഴിഞ്ഞു കിടക്കുന്നു.

രേഖകള്‍ പരിശോധിച്ചപ്പോള്‍ ജീവനക്കാരൊന്നും അവധിയില്ലെന്ന് മനസിലായി.സമയത്തിന് ഓഫീസിലെത്താത്തവരോട് വിശദീകരണം ചോദിക്കാൻ ടൗണ്‍ പ്ലാനർക്ക് മന്ത്രി നിർദ്ദേശം നൽകി. എല്ലാ ജീവനക്കാരെയും വിളിച്ചു വരുത്തിയ മന്ത്രി താക്കീതു നൽകി. വൻകിട നിർമ്മാണങ്ങള്‍ക്ക് അനുമതി നൽകേണ്ട ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അപേക്ഷകള്‍ പലതിലും കാലതാമസം വരുത്തുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു.

വരും ദിവസങ്ങളിൽ കോർപ്പറേഷൻ- മുൻസിപ്പൽ ഓഫീസുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണവകുപ്പിനുകീഴിൽ ആരോപണം ഉയർന്ന 12 ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.