തിരുവനന്തപുരം: കണ്‍സ്യൂമർഫെഡിൽ അഴിമതി നടത്തിയവരെ പിടികൂടുമെന്നു സഹകരണമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാവില്ല അന്വേഷണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികൾ ‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മൊയ്തീന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

സഹകരണ സംഘങ്ങളിലും കണ്‍സ്യൂമർ‍ഫെഡിലും നടത്തിയ അഴിമതിസംബന്ധിച്ച നിരവധി റിപ്പോർട്ടുകളാണു സർക്കാരിന്റെ കൈവശമുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വേണ്ടത്ര നടപടികള്‍ അഴിമതിക്കാർക്കെതിരെ ഉണ്ടായിട്ടില്ല. റിപ്പോർ‍ട്ടുകള്‍ പരിശോധിക്കും. വൈരാഗ്യബുദ്ധിയോടെയുള്ള ആരോടും നടപടിയുണ്ടാകില്ലെന്നും മൊയ്തീൻ പറഞ്ഞു.

ബാങ്കിംഗ് മേഖലയിലെ പുതിയ മാറ്റങ്ങള്‍ അനുസരിച്ച് സഹകരണ ബാങ്കുകളെയും മാറ്റും. സാധാരണക്കാര്‍ക്കും കാർഷിമേഖലയ്ക്കും ഉപകാരപ്രദമാകുന്ന പദ്ധതികള്‍ സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കും. റിസോർട്ടുകള്‍ വരുന്നതാണു ടൂറിസമെന്നു ധാരണയില്ലെന്നും മന്ത്രി പറഞ്ഞു.

വിശദമായ പരിശോധനക്കും പഠനത്തിനുമായി രണ്ടുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതായും എ.സി. മൊയ്തീൻ പറഞ്ഞു.