കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് പൊതുഫണ്ടു ചെലവഴിച്ച് റോഡ് നിർമ്മിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് എൻ.സി.പി യുവജന സംഘടന. കോഴിക്കോട് ചേർന്ന ജില്ലാ ക്യാംപിൽ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. ഉഴവൂർ വിജയനെ മരണത്തിന് മുൻപ് ഭീഷണിപെടുത്തിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നാഷ്ണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് പ്രമേയത്തിൽ ആവശ്യപ്പെ
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ എൻ.സി.പി യിലെ ഭൂരിഭാഗം ജില്ലാകമ്മിറ്റികളും രംഗത്തെത്തിയതിന് പിന്നാലെയാണ് യുവജന സംഘടനയും പരസ്യ പ്രതികരണം ഉയർത്തുന്നത്. മന്ത്രി പൊതുഫണ്ട് ചിലവഴിച്ച് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് കോഴിക്കോട് ചേർന്ന നാഷ്ണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് ജില്ലാ കേഡർ ക്യാംപ് പ്രമേയത്തിൽ ആവ്ശ്യപ്പെട്ടു.
മന്ത്രി പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ സംസ്ഥാന എൻ.സി.പി നേതൃത്വം തയ്യാറാകണം. ഇതോടൊപ്പം എന്‍സിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയനെ മരിക്കുന്നതിന് മുൻപ് ഭീഷണിപെടുത്തിയ സംസ്ഥാന നേതാവ് സുൾഫിക്കർ മയ്യൂരിയെ ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രമേയത്തിൽ ആവശ്യമുണ്ട്.
തോമസ് ചാണ്ടിക്കെതിരെ 10 ജില്ലാ കമ്മിറ്റി പ്രസിഡന്‍റുമാർ നേരത്തെ കോഴിക്കോട് രഹസ്യ യോഗം ചേർന്നിരുന്നു. മന്ത്രിയുടെ പ്രവർത്തനങ്ങൾക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിലും യുവജന സംഘടനയിലും അമർഷം പുകയുകയാണ്. പൊതുഫണ്ടുപയോഗിച്ച് മന്ത്രി റിസോർട്ടിലേക്ക് റോഡുണ്ടാക്കിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.
