ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള സുപ്രീം കോടതി ഉത്തരവില്‍ നിന്ന് ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടന്നുകഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും വിഎസ് ശിവകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ത്തിയായത്. ഇതിന് പിന്നാലെ അഖിലേന്ത്യാ തലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.