തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരെടുത്ത പല തീരുമാനങ്ങളും ക്രമവിരുദ്ധമെന്ന് മന്ത്രിസഭാ ഉപസമിതി. മതസാമുദായിക സംഘടനകള്‍ക്കുള്‍പ്പെടെ ക്രമവിരുദ്ധമായി കോളജുകള്‍ അനുവദിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് എയ്ഡഡ് പദവി നല്‍കി നൽകിയതായും ഉപസമിതി വിലയിരുത്തി. പിന്നോക്കർക്ക് നീതി ഉറപ്പാക്കാനായിരുന്നു നടപടിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു .
വിദ്യാഭ്യാസ വകുപ്പില്‍ യുഡിഎഫ് സര്‍ക്കാരെടുത്ത 19 തീരുമാനങ്ങളാണ് ഇന്ന് ഉപസമിതി പരിശോധിച്ചത്. മത സാമുദായിക സംഘടനകള്‍ക്കായി മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായിട്ടാണ്. സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാറായ മാര്‍ച്ച് ഒന്നിന് 12 കോളേജുകള്‍ തുടങ്ങാന്‍ എന്‍ ഒ സി നല്‍കിയതും ചട്ടവിരുദ്ധമായാണ്.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന ബസ്ഡ് സ്കൂളുകള്‍ എയ്ഡഡ് ആക്കിയതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഡോ. എം.കെ. ജയരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു യുഡിഎഫ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ ഡോ.എംകെ ജയരാജന്‍റെ ഭാര്യക്ക് ഇത്തരമൊരു ബഡ്സ് സ്കൂള്‍ ഉണ്ടെന്നും ഇതുള്‍പ്പെടെ എയ്ഡഡ് ആക്കിമാറ്റുന്നതിനുവേണ്ടിയുള്ള റിപ്പോര്‍ട്ട് ആയിരുന്നു അതെന്നുമാണ് ഉപസമിതിയുടെ കണ്ടെത്തല്‍.
സാമ്പത്തികമായി വന്‍ നഷ്ടമുണ്ടാക്കുന്ന തീരുമാനം ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. എഡിജിപി ബി.സന്ധ്യയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നുണ്ടെന്നും ഉപസമിതി വിലയിരുത്തി. 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കിയത്. അറബിക് സ്കൂളുകള്‍ ആര്‍ട് ആന്‍റ് സയന്‍സ് കോളജുകളാക്കിയതില്‍ ക്രമക്കേട് നടന്നു.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുവഴി അഴിമതിക്കും കളമൊരുങ്ങിയിട്ടുണ്ട്. പത്തനംതിട് ഇരവിപ്പേരൂരിലെ എയ്ഡഡ് കോളജായ പ്രത്യക്ഷരക്ഷ ദൈവസഭ കോളജിന് എന്തടിസ്ഥാനത്തിലാണ് ഒരു കോടി രൂപ അനുവദിച്ചതെന്ന് വ്യക്തമല്ല. സെന്‍റ് മൈക്കിള്‍സ് കോളജിലെ അധ്യാപകന് വയസിളവ് നല്‍കിയതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഉപസമിതി വിലയിരുത്തി.
മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് തിരുവനന്തപുരം ജില്ലക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ ആരോഗ്യവകുപ്പ് നടപ്പാക്കിയെന്നും ഉപസമിതി കണ്ടെത്തിയിട്ടുണ്ട് . വിദ്യാഭ്യാസം കൂടാതെ ആഭ്യന്തരം, ആരോഗ്യം എന്നി വകുപ്പുകളില്‍ മുന്‍ സര്‍ക്കാരെടുത്ത തീരുമാനങ്ങളാണ് ഉപസമിതി വിലയിരുത്തിയത്.
