തിരുവനന്തപുരം:നവമാധ്യമ ഇടപെടൽ ശക്തമാക്കണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ വകുപ്പുകളിലും പ്രത്യേക ഓണ്‍ലൈൻ ഡെസ്കും ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംവിധാനവും വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും സര്‍ക്കാറും മാധ്യമങ്ങളിൽ നിന്ന് മുഖം തിരിഞ്ഞ് നിൽക്കുന്നു എന്ന പരാതിക്ക് പരിഹരമെന്ന നിലയിലാണ് പുതിയ നിര്‍ദേശം. ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനും പൊതുജനങ്ങളുമായുള്ള ഇടപെടൽ കാര്യക്ഷമാക്കാനും ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെടുകയാണ്.
എല്ലാ മന്ത്രിമാരും അതാത് വകുപ്പുകളും അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈൻ സംവിധാനങ്ങൾ വഴി അപ്പപ്പോൾ ജനങ്ങളെ അറിയിക്കണം. ഇതിനായി ഫേസ്ബുക്കിലും ട്വിറ്ററിലുമായി പ്രത്യേക പേജുകള്‍ പ്രയോജനപ്പടുത്തണം. ഫേസ്ബുക്ക് പോസ്റ്റുകളും ലൈവുകളും ഇതില്‍ ഉള്‍പ്പെടുത്തണം.
ഓണ്‍ലൈൻ ഇടപെടലുകളെല്ലാം കാര്യക്ഷമമാക്കണമെന്നും അത് ആളുകളിലേക്കെത്തിക്കും വിധം ആകര്‍ഷണീയമായി തന്നെ അവതരിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും വ്യക്തമായ നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകി. വിദഗ്ധരെ ആവശ്യമെങ്കിൽ നിയമിക്കാനും അനുമതിയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഡെസ്കിനായിരിക്കും നവമാധ്യമ ഇടപെടലുകളുടെ ഏകോപനചുമതല. ധനമന്ത്രി തോമസ് ഐസക്കിന്റെ ഓണ്‍ലൈൻ ഇടപെടുകൾക്കുള്ള സ്വീകാര്യതയും യോഗത്തിൽ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. ഈ പാത മറ്റ് മന്ത്രിമാരും വകുപ്പുകളും പിന്തുടരണമെന്നാണ് നിര്‍ദ്ദേശം.
