ഏഴ് ജില്ലകളിൽ ഖര മാലിന്യ നിർമ്മാർജന പ്ലാന്‍റുകള്‍ക്ക് മന്ത്രിസഭ അനുമതി. 5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി. ബിഒടി വ്യവസ്ഥയിൽ നടപ്പിലാക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ തുടങ്ങാൻ മന്ത്രിസഭ യോഗ തീരുമാനം. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെയാണ് പദ്ധതി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്കരണ പ്ലാൻറുകള്‍ വരുന്നത്. 5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി. കോഴിക്കോട് ഞെളിയൻ പറമ്പിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. മറ്റ് ജില്ലകളില്‍ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അവിടേയും പദ്ധതി തുടങ്ങും . കെ എസ് ഐ ഡി സി യാണ് പദ്ധതി തയ്യാറാക്കിയത്. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി.
മാലിന്യം സംഭരിച്ച് നല്‍കേണ്ട ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഖരമാലിന്യ സംസ്കരണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തി പരിചയമുള്ളവരെയാണ് പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ടെണ്ടർ ക്ഷണിച്ച് കമ്പനികളെ തിരഞ്ഞെടുക്കുക. 27 വർഷത്തേക്ക് പാട്ടത്തിന് നല്‍കുന്ന തരത്തിലാണ് പദ്ധതി. അതേസമയം സ്ഥലം കണ്ടെത്തുന്നതടക്കമുള്ള പ്രതിസന്ധികൾ സര്‍ക്കാനിന് മുന്നിലുണ്ട്. തിരുവനന്തപുരത്ത് പെരിങ്ങമലയിൽ പദ്ധതി തുടങ്ങാനാണ് നീക്കമെങ്കിലും അവിടെ പരിസ്ഥിതിപ്രവർത്തകരും പ്രദേശവാസികളും സമരത്തിലാണ്.
