ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ നടന്നേക്കും. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ നിന്ന് വിവിധ മന്ത്രിമാര്‍ രാജി വച്ചു. നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡിക്കു പിന്നാലെ കൃഷി മന്ത്രി രാധാമോഹൻ സിംഗും രാജിവച്ചു . ഗിരിരാജ് സിംഗും രാജീവ് പ്രതാപ് റൂഡിയും രാജിവച്ചു .

മന്ത്രിസഭയില്‍ നിന്നും കൂടുതൽ രാജിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജീവ് ബലിയാൻ, മഹേന്ദ്ര പാണ്ഡെ, കൽരാജ് മിശ്ര എന്നിവരും രാജിവച്ചേക്കും . ഉമാ ഭാരതി,സുരേഷ് പ്രഭു എന്നിവരും നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു .

റെയില്‍വേ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കാനാണു സാധ്യത. അരുണ്‍ ജയ്റ്റ്ലി ധനവകുപ്പ് ഒഴിയും. പീയുഷ് ഗോയല്‍ ധനമന്ത്രിയാകും. ഉമാ ഭാരതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ രാജി നല്‍കിയേക്കും എന്നും റിപ്പോർട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും.

അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തതിനു മണിക്കൂറുകൾക്കുള്ളിലാണു മന്ത്രിമാരുടെ രാജി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.