Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ സഹായം തേടി മുഖ്യമന്ത്രിയുടെ ട്വീറ്റ്; കേന്ദ്ര സംഘം ഇന്ന് നാഗാലാന്‍റ് സന്ദര്‍ശിക്കും

530 ഗ്രാമങ്ങളിലായി 50000 പേരാണ് ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരുമാസത്തോളമായി ഒറ്റപ്പെട്ട് കഴിയുന്നത്

ministers visit flood hit nagaland
Author
Nagaland, First Published Sep 4, 2018, 9:55 AM IST

കൊഹിമ: പ്രളയത്തില്‍ തകര്‍ന്ന നാഗാലന്‍റ്  ഇന്ന്  കേന്ദ്ര മന്ത്രിമാരടങ്ങുന്ന സംഘം സന്ദര്‍ശിക്കും. കേന്ദ്ര സഹായം ഇതുവരെയും എത്താത്ത സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നാഗാലാന്‍റ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഘം എത്തുന്നത്.

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നെഫു റിയോ ട്വിറ്ററിലൂടെ സഹായം തേടിയത്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി വലിയ നാശനഷ്ടമാണ് നാഗാലാന്‍റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായത്. നാഗാലാന്‍റില്‍ 12 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

530 ഗ്രാമങ്ങളിലായി 50000 പേരാണ് ഗതാഗത സംവിധാനങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരുമാസത്തോളമായി ഒറ്റപ്പെട്ട് കഴിയുന്നത്. റിയോയുമായി ശനിയാഴ്ച ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായണ് കേന്ദ്ര സംഘം സംസ്ഥാനത്തെത്തുന്നത്. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി 800 കോടി രൂപയുടെ സഹായമാണ് നാഗലാന്‍റിന് ആവശ്യമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios