ചെന്നൈ: ബൈക്ക് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. കസ്റ്റഡിയില്‍ രണ്ട് ദിവസം നീണ്ട ശാരീരിക പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് ആരോപണം. കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ച് കൊണ്ടായിരുന്നു മര്‍ദനമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ആന്ധ്ര സ്വദേശിയായ സി ഡേവിഡ് ആണ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 

ശുചീകരണ തൊഴിലാളികളുടെ മകനാണ് പതിനഞ്ച് വയസുകാരനായ ഡേവിഡ്. ശനിയാഴ്ചയാണ് ഡേവിഡിനെ മോട്ടോര്‍ ബൈക്ക് മോഷണക്കേസില്‍ ഡേവിഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് . തിങ്കളാഴ്ചയോടെ ഡേവിഡിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഡേവിഡ് അവശനായിരുന്നുവെന്നും പൊലീസ് മര്‍ദിച്ചുവെന്ന് പരാതിപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു. 

എന്നാല്‍ കസ്റ്റഡിയില്‍ എടുത്തത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന കുറ്റപ്പെടുത്തലുകളെ തുടര്‍ന്നാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് പൊലീസ് ഭാഷ്യം. പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുമ്പോഴും ചോദ്യം ചെയ്യുമ്പോഴും പാലിക്കേണ്ട ചിട്ടകള്‍ ഡേവിഡിന്റെ കാര്യത്തില്‍ പിന്തുടര്‍ന്നില്ലെന്നാണ് ആരോപണം.