ഫോൺ വഴി പരിചയപ്പെട്ട യുവാവിന്റെ നിർദ്ദേശപ്രകാരം താൻ വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് പെൺകുട്ടി പറയുന്നു. ഇയാൾ വിവാഹ വാ​ഗ്ദാനം നൽകിയിരുന്നു. 

ബം​ഗാൾ: വെസ്റ്റ് ബം​ഗാളിലെ ഖര​ഗ്പൂരിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി. പതിനേഴ് വയസ്സാണ് പെൺകുട്ടിയുടെ പ്രായം. സംഭവത്തിൽ പ്രതികളായ നാലുപേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് പൊലീസിന് പരാതി ലഭിച്ചത്. ആറ് പേരുടെ പേരാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. അറസ്റ്റ് ചെയ്ത നാലുപേരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പോക്സോ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ആ​ഗസ്റ്റ് ആറിനാണ് പെൺകുട്ടിയെ കാണാതാകുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ആ​ഗസ്റ്റ് 9 ന് സത്രം​ഗി ​ഗ്രാമത്തിലെ വീടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫോൺ വഴി പരിചയപ്പെട്ട യുവാവിന്റെ നിർദ്ദേശപ്രകാരം താൻ വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് പെൺകുട്ടി പറയുന്നു. ഇയാൾ വിവാഹ വാ​ഗ്ദാനം നൽകിയിരുന്നു. ഒരുമാസം മുമ്പാണ് ഇവർ പരിചയത്തിലായത്. ഇയാളുടെ അടുത്തെത്തിയ പെൺകുട്ടിയെ മൂന്ന് ദിവസം ആറു പേർ ചേർന്നാണ് കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. 

താൻ സ്നേഹിച്ച യുവാവ് തന്നോട് ഇപ്രകാരം പ്രവർത്തിക്കുമെന്ന് താനൊരിക്കലും കരുതിയില്ലെന്ന് പെൺകുട്ടി പറയുന്നു. വേദനകൊണ്ട് കരഞ്ഞിട്ടും അവർ വെറുതെ വിട്ടില്ല. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷം വീടിന് സമീപം അമ്മയാണ് കുട്ടിയെ കണ്ടെത്തിയത്. താൻ കൂട്ടബലാത്സം​ഗത്തിന് ഇരയായ വിവരം പെൺകുട്ടി ആദ്യം പറഞ്ഞതും അമ്മയോടായിരുന്നു. 

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് വെസ്റ്റ് ബം​ഗാൾ. തൊട്ടുപുറകിലാണ് ഉത്തർപ്രദേശിന്റെ സ്ഥാനം. 130 കൂട്ടബലാത്സം​ഗ കേസുകളാണ് രണ്ട് വർഷങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഈ പട്ടികയിലുണ്ട്.