കൊല്ലം: കൊല്ലം ജില്ലയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്ത് 43 ബാലപീഡനക്കേസുകള്‍. എന്നാല്‍ മിക്ക കേസുകളിലും അന്വേഷണം ഇഴയുന്നതായി ആരോപണം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലും കരവാളൂര്‍ പ്രകൃതിവിരുദ്ധ പീഡനക്കേസിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പീഡനത്തിന് പുറമേ ആറ് കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കോളിളക്കമുണ്ടാക്കിയ കുണ്ടറ ബലാല്‍സംഗക്കേസ് മുതല്‍ കഴിഞ്ഞ ദിവസം വരെ ജില്ലാ ക്രൈം റിക്കോര്‍ഡ് ബ്യൂറോയില്‍ രേഖപ്പെടുത്തിയത് 43 ബാലപീഡനക്കേസുകള്‍. ഇതില്‍ നാലെണ്ണം ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. ഭൂരിഭാഗം സംഭവങ്ങളിലും പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കൊല്ലം ജില്ലയില്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് പൊലീസ് രേഖകളില്‍ നിന്നും വ്യക്തമാകുന്നു.

കുണ്ടറ ബലാല്‍സംഗക്കേസില്‍ പൊലീസിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നതിനാല്‍ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളിലെല്ലാം ജാഗ്രതോടെയാണ് അന്വേഷണം. എങ്കിലും കൊല്ലം ഇരവിപുരം സ്‌റ്റേഷനില്‍ 16 കാരിയ സിനിമാ വാഗ്ദാനം ചെയ്ത് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഇപ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം കാരണമാണ് അന്വേഷണം ഇഴയുന്നതെന്നാണ് ആക്ഷേപം.

കരവാളൂരില്‍ പ്രകൃതിവിരുദ്ധപീഡനത്തിന ഇരയായ 13വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയെ തിരച്ചറിയാന്‍ ഇനിയും സാധിച്ചിട്ടില്ല. അയത്തിലില്‍ മോഹന്‍ എന്നയാളെ തല്ലിക്കൊന്നു. മദ്യപസംഘങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ കുണ്ടറ സ്വദശി സജീവന്‍ കൊല്ലപ്പെട്ടു. ഓച്ചിറയില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ചന്ദ്രിക എന്ന സ്ത്രീ മരിച്ചു. ഇതെല്ലാം കഴിഞ്ഞ രണ്ടാഴ്ച കൊല്ലം ജില്ലയിലുണ്ടായ സംഭവങ്ങളാണ്. എന്നാല്‍ പല കേസുകളിലും അന്വേഷണം ഇഴയുകയാണ്.