മുംബൈ: ഇന്ത്യയുടെ അത്ഭുത ശിശു 132 ദിവസത്തിന് ശേഷം വീട്ടിലേക്ക് എത്തി. വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള നിര്‍വാണ്‍ എന്ന ആണ്‍കുഞ്ഞാണ് ചികിത്സയ്ക്കും പരിചരണത്തിനും ശേഷമാണ് വീട്ടിലെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിര്‍വാണ്‍. 610ഗ്രാമായിരുന്നു ജനനസമയത്ത് നിര്‍വാണിന്‍റെ തൂക്കം. 32 സെന്‍റിമീറ്ററാണ് ശരീരത്തിന്‍റെ നീളം. ഞായറാഴ്ചയാണ് ഈ അത്ഭുത ശിശു വീട്ടിലെത്തിയത്.

പിറന്ന് 132 ദിവസം നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള അത്യാഹിത വിഭാഗത്തിലെ പരിചരണം മുബൈയിലെ സൂര്യ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിനെ പരിചരിച്ചത്. 14ഡോക്ടര്‍മാരും 50 നഴ്‌സുമാരും അടങ്ങിയ സംഘമാണ് കുഞ്ഞിനെ പരിചരിച്ചത്. ജനനസമയത്ത് നിര്‍വാണിന്‍റെ ശ്വാസകോശങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തിയിരുന്നില്ല.

അതുകൊണ്ട് തന്നെ ജനിച്ച സമയമുതല്‍ യന്ത്ര സഹായത്താലാണ് നിര്‍വാണ്‍ ശ്വസിച്ചതെന്ന് സൂര്യ ചൈല്‍ കെയര്‍ ഭൂപേന്ദ്ര അവസ്തി പറഞ്ഞു. ശ്വാസകോശത്തില്‍ വായു കെട്ടിനില്‍ക്കാനടക്കമുള്ള നിരവധി അപകട സാധ്യതകള്‍ തരണം ചെയ്താണ് നിര്‍വാണ്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്റ്റിറോയ്ഡ് ചികിത്സയുടെ ലക്ഷ്യം തനിച്ച് ശ്വാസമെടുക്കാന്‍ പ്രാപ്തനാക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇക്കാലത്തിനിടെ നിരവധി ചികിത്സകളും പരിചരണങ്ങളുമാണ് നിര്‍വാണ് നല്‍കിയത്. വൈദ്യശാസ്ത്ര പ്രകാരം കേവലം 22 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ജീവനോടെ പുറത്തെത്താനുള്ള സാധ്യത 40-50 ശതമാനം മാത്രമാണ്. ഇവരില്‍ അഞ്ചുശതമാനം കുഞ്ഞുങ്ങള്‍ മാത്രമേ തുടര്‍ന്നും ജീവിക്കുകയുള്ളു. സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ചയില്ലായ്മ, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, അപസ്മാരം തുടങ്ങിയ രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയാണ്.

നിര്‍വാണിന് മുമ്പ് 22 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ആറുമാസത്തെ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും നിര്‍വാണിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു കിലോഗ്രാമാണ് നിര്‍വാണിന്റെ ഇപ്പോഴത്തെ തൂക്കം. കൃത്രിമ ശ്വാസം എടുത്ത് മാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.