രാം കൃപാല്‍ യാദവ് ബിജെപിയിൽ ചേർന്ന വാർത്ത കേട്ടസമയത്ത് അദ്ദേഹത്തിന്റെ കൈകൾ വെട്ടിയെടുക്കാനാണ് തോന്നിയതെന്ന് മിസാ ഭാരതി പറഞ്ഞു. പട്നയിലെ പാടലിപുത്ര ലോകസഭാ മണ്ഡലത്തിൽവച്ച് നടന്ന റാലിക്കിടയിലാണ് മിസാ ഭാരതിയുടെ വിവാദ പരാമർശം. 

പട്ന: ബീഹാറിലെ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായിരുന്ന രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വിവാദ പരാമർശവുമായി മിസാ ഭാരതി. രാം കൃപാല്‍ യാദവ് ബിജെപിയിൽ ചേർന്ന വാർത്ത കേട്ടസമയത്ത് അദ്ദേഹത്തിന്റെ കൈകൾ വെട്ടിയെടുക്കാനാണ് തോന്നിയതെന്ന് മിസാ ഭാരതി പറഞ്ഞു. പട്നയിലെ പാടലിപുത്ര ലോകസഭാ മണ്ഡലത്തിൽവച്ച് നടന്ന റാലിക്കിടയിലാണ് മിസാ ഭാരതിയുടെ വിവാദ പരാമർശം. ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകളുമായി മിസാ ഭാരതിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. 

'രാം കൃപാല്‍ യാദവ‌ിനോട് വലിയ ബഹുമാനമായിരുന്നു. എന്നാൽ സുശീൽ കുമാർ മോദിയുമായി കൈകോർത്തപ്പോൾ മുതൽ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നത് നിർത്തി. ആ സമയത്ത് വയ്ക്കോൽ മുറിക്കുന്ന യന്ത്രം ഉപയോ​ഗിച്ച് അദ്ദേഹത്തിന്റെ കൈകൾ വെട്ടിയെടുക്കാനാണ് തോന്നിയതെന്നും' മിസാ ഭാരതി പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണ്. 2014 ലെ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചിരുന്നല്ലെന്നും മിസാ കൂട്ടിച്ചേർത്തു. 

2014ലാണ് രാം കൃപാല്‍ യാദവ‌് ആർജെഡി വിട്ട് ബിജെപിയിൽ ചേർന്നത്. അന്നത്തെ ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മൂന്ന് പതിറ്റാണ്ട് നീണ്ട ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചാണ് രാജ്യസഭ എംപിയായിരുന്ന രാം കൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്നത്. മിസാ ഭാരതിക്ക് പാടലീപുത്ര മണ്ഡലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാം കൃപാല്‍ പാര്‍ട്ടി വിട്ടത്.

'നരേന്ദ്ര മോദിയാണ് ഇന്ത്യ ഉറ്റുനോക്കുന്ന വ്യക്തി' എന്ന് പറഞ്ഞാണ് യാദവ് ബിജെപിയിൽ അം​ഗത്വം എടുത്തത്. പിന്നീട് പാടലീപുത്രയിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച യാദവ് വമ്പിച്ച വിജയം നേടിയിരുന്നു.