മിസ്സ് ബ്രിട്ടന്‍ കിരീടം ചൂടിയ സോയി സമെയിലിയെ സമൂഹ മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നത് ഇപ്പോള്‍ മറ്റൊരു കാര്യത്തിനാണ്. സൗന്ദര്യം മാത്രമല്ല, ശക്തമായ നിലപാടുകളും തനിക്കുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമെയിലി ലോകത്തിന് കാണിച്ച് കൊടുത്തു. ഈ ശക്തമായ നിലപാടുകളാണ് സമെയിലിയെ പ്രിയങ്കരിയാക്കുന്നത്.

സെപ്റ്റംബറില്‍ നടക്കുന്ന മിസ്സ് യുനൈറ്റഡ് കോണ്ടിനന്‍സില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു സമെയിലി. തെക്കേ അമേരിക്കയിലെ എക്യൂഡേറിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തടി കുറയ്ക്കാന്‍ പരിപാടിയുടെ ഡയറക്ടേര്‍സ് സമെയിലിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറുകയും മിസ്സ് ബ്രിട്ടന്‍ കിരീടം തിരികെ നല്‍കുകയും ചെയ്തു ഈ മിടുക്കി. 

ഞാന്‍ എന്നെ സ്നേഹിക്കുന്നു. ആര്‍ക്ക് വേണ്ടിയും മാറാന്‍ ഞാന്‍ തയ്യാറല്ല. സൈസ് 10 ആയത് കൊണ്ട് മാത്രം എന്‍റെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അത് അവരുടെ നഷ്ടമാണ്. മത്സരത്തില്‍ നിന്ന് പിന്മാറിയ ശേഷം ഫേസ്ബുക്കില്‍ സമെയിലി എഴുതിയ ശക്തമായ വരികളാണിത്.

ഇതേ തുടര്‍ന്ന് സമെയിലിയെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹങ്ങളാണ്. സമെയിലിയുടെ പോസ്റ്റിനു താഴെ ഒരാള്‍ ഇങ്ങനെയെഴുതി നിങ്ങളാരാണെന്നുള്ളതിലും ഇത്തരമൊരു പ്രവൃത്തി ചെയ്തതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിച്ചതിനും നിങ്ങള്‍ അഭിമാനിക്കണം.