ഗാന്ധിനഗര്‍: ശ്രീരാമന്‍ പണ്ട് ചെയ്തിരുന്നതാണ് ഐഎസ്ആര്‍ഒ ഇന്ന് ചെയ്യുന്നതെന്ന് പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി. രാമന്‍റെ ഓരോ അമ്പും മിസൈലുകള്‍ ആയിരുന്നുവെന്നും വിജയ് റൂപാനി ഉപമിച്ചു. ഐഐടിആര്‍എഎം വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമമ്പോഴാണ് രൂപാനിയുടെ അഭിപ്രായപ്രകടനം.
ഇസ്രോ ആപ്ലിക്കേഷന്‍ സെന്‍റര്‍ ഡയറക്ടര്‍ തപന്‍ മിശ്രയെ മുന്നില്‍ ഇരുത്തിയാണ് ഗുജറാത്ത് മുഖ്യന്‍ വാദം ഉയര്‍ത്തിയത്. എഞ്ചിനിയറിംഗ് മേഖലയെ രാമായണ കഥയുമായി ബന്ധപ്പെടുത്തിയ രൂപാനി രാമന്റെ കാലത്തെ എന്‍ജീനീയറിംഗ് വൈദഗ്ധ്യത്തെക്കുറിച്ചും വാചാലനായി. രാമന്‍റെ ഓരോ അമ്പും മിസൈലുകളായിരുന്നു.
അന്ന് രാമന്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ഇസ്രോ ചെയ്യുന്നത്.ഇന്ത്യയേയും- ശ്രീലങ്കയേയും തമ്മില്‍ ബന്ധിപ്പിച്ച രാമസേതു നിര്‍മ്മിക്കാന്‍ രാമന്റെ കാലത്ത് സാധിച്ചിട്ടുണ്ടെങ്കില്‍ അന്നത്തെ എന്‍ജീനിയറിംഗ് മികവ് അത്രയ്ക്ക് മികച്ചതായിരുന്നു. വിദ്യാര്‍ത്ഥികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതോടെ രൂപാണി വീണ്ടും കത്തിക്കയറി. രാമ സേതുവിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും കടലിലുണ്ടെന്നാണ് പറയപ്പെടുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.
രാമ- രാവണ യുദ്ധത്തിനിടെ ലക്ഷ്മണന്‍ ബോധരഹിതനായതിനെ പരാമര്‍ശിച്ചും രൂപാണി ചടങ്ങില്‍ വാചാലനായി. ലക്ഷ്മണന് ഔഷധം കണ്ടെത്താന്‍ ഹനുമാന് കഴിയാതെ വന്നതോടെ ഒരു മല മുഴുവനായി അദ്ദേഹം ഉയര്‍ത്തിക്കൊണ്ടു വന്നതായും, അതിനു പോലും സഹായകമായ സാങ്കേതികവിദ്യ അന്ന് ഉണ്ടായിരുന്നുവെന്നും രൂപാണി വാദം ഉയര്‍ത്തി.
