കോട്ടയത്ത് കാണാതായ ദമ്പതിമാരെ അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം അജ്‍മീറിലേക്ക് തിരിച്ചു. കഴിഞ്ഞ ഏപ്രിൽ മുതലാണ് ദമ്പതികളെ കാണാതായത്. അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഹബീബ ദമ്പതിമാർ അജിമീർ ദർഗയുടെ അടുത്തുണ്ടെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് കിട്ടിയിരിക്കുന്നത്. ദമ്പതിമാരെ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ചില വിവരങ്ങൾ കിട്ടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മീറിലേക്ക് തിരിച്ചിരിക്കുന്നത്.
അന്വേഷണം ഏറ്റെടുത്ത ശേഷം ക്രൈംബ്രാഞ്ച് സംഘം ഹിഷിമിന്റെയും ഹബീബയുടേയും ബന്ധുക്കളുടെ മൊഴി വിശദമായി ഏടുത്തിരുന്നു. ഈ മൊഴിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജസ്ഥാൻ യാത്ര. ദക്ഷിണേന്ത്യയിലെ വിവിധ ദർഗകളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു.
ഇതിനിടെ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റേഷനുകൾ തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ദമ്പതിമാർ ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിൽ കോട്ടയത്തെ വിവിധ ജലാശയങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കഴിഞ്ഞ ഏപ്രിലിലാണ് ഹാഷിമും ഹബീബയും ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പോയത്.
