ഭാര്യയെയും മക്കളെയും കാണാതെ സഹായമഭ്യര്‍ഥിച്ച പ്രവാസിയുടെ കുടുംബത്തെ കണ്ടെത്തി. പ്രളയത്തില്‍ പാതി മുങ്ങിയ വീട്ടില്‍നിന്ന് കുടുംബത്തിന്‍റെ അവസാന കോള്‍ കുവൈറ്റിലുള്ള രാജീവിന് ലഭിച്ചത് മൂന്ന് ദിവസം മുമ്പായിരുന്നു.
പത്തനംതിട്ട: ഭാര്യയെയും മക്കളെയും കാണാതെ സഹായമഭ്യര്‍ഥിച്ച പ്രവാസിയുടെ കുടുംബത്തെ കണ്ടെത്തി. പ്രളയത്തില്‍ പാതി മുങ്ങിയ വീട്ടില്‍നിന്ന് കുടുംബത്തിന്‍റെ അവസാന കോള്‍ കുവൈറ്റിലുള്ള രാജീവിന് ലഭിച്ചത് മൂന്ന് ദിവസം മുമ്പായിരുന്നു. പിന്നീട് ഭാര്യയെയോ മക്കളേയോ മാതാപിതാക്കളോ രാജീവിന് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സഹായം തേടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനെ രാജീവ് കാര്യം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാഗങ്ങള്‍ സുരരക്ഷിതരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇവര്‍ എവിടെയാണെന്നോ രക്ഷപ്പെട്ട് ഏതെങ്കിലും ക്യാംപില്‍ എത്തിയോ എന്നൊന്നും രാജീവിന് അറിയില്ലായിരുന്നു. തന്‍റെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഭീതിയില്‍ വിദേശത്ത് കഴിയുകയായിരുന്നു ഇയാള്‍. മൂന്ന് ദിവസമായി കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ഏറെ വേവലാതിപ്പെട്ടാണ് രാജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. പത്തനംതിട്ട നിരണം പാട്ടമ്പലത്തിനടുത്താണ് ഇവരുടെ വീട്.
കുടുംബാംഗങ്ങളായ മേഘാറാണി രാജീവ്, മക്കളായ അക്ഷിത (2), ഋഷിത (6) എന്നിവർ പരുമല ആശുപത്രിയിൽ സുരക്ഷിതരായി ഉണ്ടെന്ന് കണ്ടെത്തി. വിവരം രാജീവിനെ അറിയിച്ചിട്ടുണ്ട്. കുടുംബത്തെ കണ്ടെത്താന്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം ഇടപെടല്‍ നടത്തിയ എല്ലാവര്‍ക്കും രാജീവ് നന്ദി അറിയിച്ചു.
