കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും കാണാതായവരില്‍ 12 പേര്‍ ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയതായി അന്വേഷണസംഘത്തിന് സൂചനകിട്ടി. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജൻസിവഴിയാണ് ഇവര്‍ തെഹ്റാനിലേക്ക് പോയതെന്നാണ് സൂചന.ഇതിനിടെ കാണാതായവരില്‍ ഒരാളെ മുംബൈയില്‍ വച്ച് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു.

കാസര്‍ഗോഡ് എളംപച്ചി സ്വദേശി ഫിറോസ്ഖാനാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായിട്ടുള്ളത്. മുംബൈയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പത്ത് ദിവസം മുമ്പ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. താൻ മുംബൈയിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവര്‍ സിറിയയിലേക്ക് പോയെന്നുമായിരുന്നു ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്.ഇക്കാര്യം പുറത്ത് പറയരുതെന്നും ഫിറോസ് ഖാൻ വീട്ടുകാരോട് പറഞ്ഞിരുന്നു.

കാണാതായവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പായിരുന്നു ഇത്.ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ്ഖാൻ കസ്റ്റഡിയിലായത്.ഇതിനിടെ കാസര്‍ഗോഡ് നിന്നും കാണാതായ ബാക്കി 16 പേരില്‍ 12 പേര്‍ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി.കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജൻസി വഴിയാണ് ഇവര്‍ ഇറാനിലേക്ക് കടന്നതെന്നാണ് സൂചന.ബംഗളുരു,ഹൈദരാബാദ് വഴിയാണ് പോയതെന്നും സൂചന കിട്ടിയിട്ടുണ്ട്.

പടന്ന സ്വദേശി ഇജാസ് ഭാര്യ റിഫൈല രണ്ട് വയസുള്ള കുട്ടി എന്നിവരാണ് ആദ്യം ടിക്കറ്റെടുത്തതെന്നും പിന്നാലെ അബ്ദുള്‍ റാഷിദടക്കമുള്ള ഒമ്പതുപേര്‍ ടിക്കറ്റെടുത്തെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം.ഇവര്‍ ഇപ്പോഴും ഇറാനില്‍ തന്നെയുണ്ടോ അതോ അവിടെ നിന്നും പോയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ഫിറോസ് ഖാനെ ചോദ്യം ചെയ്യുന്നതോടെ കാണാതായവരുടെ ഐ.എസ് ബന്ധമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

അതേസമയം കേരളത്തിൽ നിന്ന് കൂട്ടത്തോടെ മലയാളികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എഡിജിപി ആർ ശ്രീലേഖ കേന്ദ്രരഹസ്യാന്വേഷണ വിഭാഗ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇവർ എത്തിയെന്ന റിപ്പോർട്ടുകളിൽ വ്യക്തത തേടും. സംസ്ഥാനതലത്തിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരം എഡിജിപി ഐബിക്ക് കൈമാറും.