വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തഭൂമി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കാത്തതിനെതിരെ ബിജെപി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കാണാൻ എത്താത്ത ഇരുവരും തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നവരാണെന്ന് വിമർശനം. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി

ദില്ലി: വയനാട് മണ്ണിടിച്ചിൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബി ജെ പിയുടെ രൂക്ഷ വിമർശനം. ബി ജെ പി ദേശീയ ഐ ടി സെൽ മേധാവി അമിത് മാളവ്യയാണ് വിമർശനവുമായി രംഗത്തെത്തിയത്. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും, തിരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമാണ് ആരോപണം. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ സഹാനുഭൂതിയെന്നും, എപ്പോഴും ശബ്ദമുയർത്തുന്ന അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ വിമർശിച്ചു. ദേശീയ തലത്തിൽ തന്നെ ഇരുവർക്കുമെതിരെ ഇത് ആയുധമാക്കുകയാണ് ബി ജെ പി. രാഹുൽ ഗാന്ധി 20 ദിവസമായി ഇന്ത്യയിൽ ഇല്ലാത്തതിനെതിരെയും ബി ജെ പി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകും

അതേസമയം വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് ഇന്ന് അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നത്തെ തിരച്ചിലിലാണ് ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്.