വള്ളിക്കുന്നം: വിവാഹത്തിന്റെ തലേദിവസം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ പ്രതിശ്രുതവധുവിനെ പൊലീസ് കണ്ടെത്തി. വള്ളിക്കുന്നം കാരാഴ്മ സ്വദേശികളായ 19കാരിയും 17കാരിയുമാണ് ഒളിച്ചോടിയതിന് പിന്നാലെ പൊലീസ് പിടിയിലായത്. 

കഴിഞ്ഞ ഞായറാഴ്ച പ്രാക്കുളം സ്വദേശിയുമായി വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ കാണാതായത്.അന്നേദിവസം രാവിലെ മുല്ലപ്പു വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. 

പിന്നീട് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയില്‍ നിന്ന് കത്ത് ലഭിച്ചത്. ഇതില്‍ ഇലിപ്പക്കുളം സ്വദേശിയുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം പോവുകയാണെന്നും എഴുതിയിരുന്നു. തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

മക്കളില്ലാതെ വിഷമിച്ച ദമ്പതിമാര്‍ രണ്ടു മാസം പ്രായമുള്ളപ്പോഴാണ് യുവതിയെ ദത്തെടുക്കുന്നത്. ഭര്‍ത്താവ് മരിച്ച ശേഷം അര്‍ബുദ രോഗിയായ ഭാര്യയാണ് പെണ്‍കുട്ടിയെ വളര്‍ത്തിയത്. ആകെയുള്ള ഏഴ് സെന്റ് ഭൂമിയും വീടും വിറ്റുകിട്ടിയ പണം ഉപയോഗിച്ചായിരുന്നു വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. വീട് വിറ്റതിനാല്‍ വാടകവീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.

ഒളിച്ചോട്ട വിവരം അറിഞ്ഞ അമ്മയ്ക്ക് രോഗം അധികമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വള്ളിക്കുന്നം പൊലീസ് കണ്ടെത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കി വീട്ടിലേക്ക് അയക്കും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.