മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷപരിപാടിയുടെ ഭാഗമായി ഇന്ത്യാഗേറ്റിനടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് 'പുതിയ പ്രഭാതം' എന്ന് പേരിട്ട മെഗാഷോ നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള പരിപാടികള്‍ അവതരിപ്പിച്ച് അമിതാഭ് ബച്ചന്‍, വിദ്യാ ബാലന്‍, അനില്‍ കപൂര്‍, രവീണ ഠണ്ഡന്‍ എന്നിവരുള്‍പ്പടെ വലിയ താരനിര അണിനിരന്നു.
വിവിധ മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍ വിവരിച്ച് കേന്ദ്രമന്ത്രിമാരും വേദിയിലെത്തി. അഴിമതി ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. തന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രവര്‍ത്തകരും ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരികപരിപാടികള്‍ അവതരിപ്പിച്ചു. വിജയവാഡ, അഹമ്മദാബാദ്, മുംബെ, ഗുവാഹത്തി, ചണ്ഡീഗഢ്, ജയ്പൂര്‍ എന്നീ നഗരങ്ങളിലും വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി താരങ്ങളും സാംസ്‌കാരികപ്രവര്‍ത്തകരും അണിനിരന്നു.
എന്നാല്‍, ആയിരത്തിലധികം കോടി രൂപ ചെലവിട്ട് ആഘോഷപരിപാടി നടത്തുന്നതിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാള്‍ രംഗത്തെത്തി. പാനമ വിവാദത്തില്‍ അന്വേഷണം നേരിടുന്ന അമിതാഭ് ബച്ചനെ പരിപാടിയുടെ അവതാരകനാക്കിയതിനെതിരെ കോണ്‍ഗ്രസും വിമര്‍ശനമുയര്‍ത്തുന്നു.
ആയിരക്കണക്കിന് കോടി രൂപ ചെലവിട്ട് മോദി സര്‍ക്കാര്‍ ദില്ലിയില്‍ വാര്‍ഷികാഘോഷം നടത്തുമ്പോള്‍ ദില്ലിക്കാര്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ദില്ലിയിലെ ജല, വൈദ്യുതി ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്ഘട്ടില്‍ നിന്ന് ദില്ലി സെക്രട്ടറിയേറ്റിലേയ്ക്ക് പ്രതിഷേധമാര്‍ച്ചും നടത്തി.
