മിസോറാം: നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക്‌ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാമിലെ ഒരു പ്രദേശിക ക്രിസ്ത്യന്‍ പള്ളി. ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയും വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന് മുകളിലേക്ക് എത്രവരെ പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചര്‍ച്ച് സെക്രട്ടറി അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസികള്‍ ജന്മം നല്‍കണമെന്നതാണ്‌ തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. മിസോറാമിലെ ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞത് കണക്കിലെടുത്താണ് ഈ തീരുമാനം. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന്‍ പറഞ്ഞു.

2011-ലെ സെന്‍സസ് പ്രകാരം മിസോറാമില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ഉള്ളത്. അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ ജനസംഖ്യാ നിരക്കില്‍ ഏറ്റവും പിന്നിലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാം. പത്ത് വര്‍ഷത്തിനിടെ 23.48 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. നേരത്തെ അത് 29.18 ശതമാനം ഉണ്ടായിരുന്നു. കത്തോലിക്കാസഭ ഉള്‍പ്പടെ നിരവധി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മിസോറമിലുണ്ട്.