എയ്‌സ്വോള്‍: യുവതിയെ ബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡ് ഒഴിച്ച ശേഷം സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ അറസ്റ്റില്‍. മിസോറാമിലാണ് കഴിഞ്ഞ ജൂലൈ 16ന്് നാടിനെ നടുക്കിയ സംഭവം നടന്നത്.

നിന്‍ജലാല്‍ ദാസ്, ദിലീപ് കുമാര്‍ എന്നീ ജവാന്‍മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മിസോറാം പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ബിഎസ്എഫ് 181 ബാറ്റാലിയനില്‍ ഉള്‍പ്പെട്ട ജവാന്‍മാര്‍ പിടിയിലായത്.മാമിത് ജില്ലയിലാണ് ആദിവാസി യുവതിയെ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തു ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളുടെ മൃതദേഹം പിന്നീട് കാട്ടില്‍ കണ്ടെത്തുകയായിരുന്നു.

ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജവാന്‍മാരെ അറസ്റ്റ് ചെയ്യാന്‍ ബി.എസ്.എഫ് സമ്മതം നല്‍കിയിരുന്നില്ല. തുടര്‍ന്ന് കൃത്യമായ തെളിവുകള്‍ സഹിതം മിസോറാം പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ പുറപ്പെടുവിച്ചു. ഇതോടെ ബിഎസ്എഫ് ജവാന്‍മാരെ പോലീസിനു കൈമാറുകയായിരുന്നു.

ബലാത്സംഗം കൊലപാതകം എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലുള്ളവരാണ് ഇരുവരും.