പ്രിയാ രമണി രംഗത്ത് വന്നതോടെ എംജെ അക്ബറിൽ നിന്ന് മോശം അനുഭവമുണ്ടായ മറ്റ് നിരവധി പേരും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്
ദില്ലി: വനിതാ മാധ്യമപ്രവര്‍ത്തകരെ ഹോട്ടൽ മുറിയിലേക്ക് അഭിമുഖത്തിന് വിളിച്ച് ലൈംഗികാതിക്രമം നടത്തുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ എംജെ അക്ബറിനെതിരേ ആരോപണം. ലൈവ്മിന്‍റ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എംജെ അക്ബറുമായി ജോലി അഭിമുഖത്തിന് ഹോട്ടല്‍ മുറിയില്‍ എത്തിയ തനിക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കിയത്. മുംബൈയിൽ ഒരു ഹോട്ടലിൽ വെച്ച് എംജെ അക്ബറിന്‍റെ ടീമിലേക്കുള്ള ഒരു ജോലി അഭിമുഖത്തില്‍ പങ്കെടുത്ത അനുഭവമാണ് പ്രിയ രമണി കുറിച്ചിരിക്കുന്നത്. വോഗ് മാഗസിനിലാണ് എംജെ അക്ബറിനെതിരായ ആരോപണം വിശദമായി പ്രിയ രമണി എഴുതിയിരിക്കുന്നത്.
അതേസമയം പ്രിയാ രമണി രംഗത്ത് വന്നതോടെ എംജെ അക്ബറിൽ നിന്ന് മോശം അനുഭവമുണ്ടായ മറ്റ് നിരവധി പേരും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് അക്ബറിന്‍റെ സ്ഥിരം ഏർപ്പാടാണെന്ന് ഈ മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.
ശാരീരികമായ ആക്രമണത്തിനും മടിക്കാത്ത, എന്ത് വൃത്തികേടും സ്ത്രീകളോട് പറയാൻ മടിക്കാത്ത ഒരു എംജെ അക്ബർ എന്നാണ് പലരുടേയും ഭാഷ്യം. സോഷ്യൽ മീഡിയയിൽ പ്രിയ രമണിയുടെ ട്വീറ്റിനോട് പ്രതികരിക്കുന്ന മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് ഇതിൽ അത്ഭുതമില്ല. പകരം, തന്റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏതറ്റം വരെയും ഉപദ്രവിക്കാൻ മടിയില്ലാത്ത എംജെ അക്ബറെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
താന്‍ ആ രാത്രിയില്‍ രക്ഷപ്പെടുകയായിരുന്നു. അയാളുമായി തനിച്ച് ഇനിയൊരിക്കലും ഒരു മുറിയില്‍ പോലും നില്‍ക്കാനാകില്ലെന്ന് പ്രിയാ രമണി പറയുന്നു.
