Asianet News MalayalamAsianet News Malayalam

എം.ജെ.അക്ബർ എന്നെ ബലാത്സംഗം ചെയ്തു; യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകയുടെ ആരോപണം കത്തുന്നു

മുൻ വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും #മീടൂ ആരോപണം. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗൊഗോയ് ആണ് അക്ബറിനെതിരെ ലൈംഗികപീഡനാരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമെന്ന് അക്ബർ പ്രതികരിച്ചു.

mj akbar raped me 23 years ago says pallavi gogoi a senior business editor from new york
Author
Delhi, First Published Nov 2, 2018, 5:07 PM IST

ദില്ലി:മുൻ വിദേശകാര്യമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും ബലാത്സംഗ ആരോപണവുമായി യുഎസ്സിൽ നിന്നുള്ള ഇന്ത്യൻ മാധ്യമപ്രവർത്തക. ന്യൂയോർക്കിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബറിൽ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നെഴുതിയത്. 'വാഷിംഗ്ടൺ പോസ്റ്റ്' ദിനപത്രമാണ് പല്ലവി ഗൊഗോയിയുടെ കോളം പ്രസിദ്ധീകരിച്ചത്. പല തവണ ബലാത്സംഗം ചെയ്തെന്നുൾപ്പടെയുള്ള ഗുരുതരമായ ആരോപണമാണ് പല്ലവി തുറന്നെഴുതുന്നത്. 

'ഏഷ്യൻ ഏജ്' ദിനപത്രത്തിൽ ജോലി ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് പല്ലവി വെളിപ്പെടുത്തി. 23 വർഷം മുമ്പാണ് സംഭവം. എം.ജെ.അക്ബറിനെപ്പോലെ പ്രശസ്തനായ ഒരു എഡിറ്ററുടെ കീഴിൽ ജോലി ചെയ്യാൻ കിട്ടിയ അവസരത്തിൽ സന്തോഷമുണ്ടായിരുന്നെന്ന് പല്ലവി പറയുന്നു. 1994-ലാണ് അക്ബർ ആദ്യമായി മോശമായി പെരുമാറിയത്. 'തലക്കെട്ടുകൾ കാണിയ്ക്കാനെത്തിയപ്പോൾ അക്ബർ കടന്നുപിടിച്ച് ചുംബിയ്ക്കാൻ ശ്രമിച്ചു. അപമാനഭയം മൂലം ഒരു വിധം കുതറിമാറി ക്യാബിന് പുറത്തുകടന്നു.' 

പിന്നീട് മുംബൈയിൽ വച്ചും അക്ബർ മോശമായി പെരുമാറി. എതിർത്തപ്പോൾ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി. ജയ്പൂരിൽ വച്ച് പിന്നീട് അക്ബർ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയെന്നും ബലാത്സംഗം ചെയ്തെന്നും പല്ലവി തുറന്നുപറയുന്നു. അപമാനഭയം മൂലം അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. പകരം  'ഞാനെന്തിന് ഹോട്ടൽ മുറിയിൽ പോയി' എന്ന് സ്വയം ശകാരിച്ചു. എന്നാൽ അവിടംകൊണ്ട് ഒന്നും അവസാനിച്ചില്ല. പല തവണ അക്ബർ ലൈംഗികമായി പീഡിപ്പിച്ചു. എന്നോട് സംസാരിക്കുന്ന സഹപ്രവർത്തകരുമായൊക്കെ അക്ബർ വഴക്കിട്ടു. പിന്നീട് അമേരിക്കയിലേയ്ക്ക് ജോലിയ്ക്ക് അവസരം കിട്ടിയപ്പോൾ രക്ഷപ്പെടുകയായിരുന്നെന്നും പല്ലവി എഴുതുന്നു.

'ഇന്ന് ഇത് തുറന്നുപറയുന്നത് ഞാൻ ഒരു അമ്മയായതുകൊണ്ടാണ്. 23 വർഷം മുമ്പുണ്ടായ ദുരനുഭവങ്ങൾ ഞാൻ പതുക്കെ മറക്കാൻ ശ്രമിച്ചു. കഠിനാധ്വാനം കൊണ്ട് ഇപ്പോഴുള്ള സ്ഥാനത്തെത്തി. എന്നാൽ അക്ബറിനെതിരെ ആരോപണങ്ങളുന്നയിച്ച് നിരവധി സ്ത്രീകൾ രംഗത്തുവന്നത് ഞാൻ കണ്ടു. അവർക്കെതിരെ കേസ് നൽകിയിരിക്കുകയാണ് അക്ബർ. തന്‍റെ അധികാരം ഉപയോഗിച്ചാണ് അക്ബർ എന്നെ ചൂഷണം ചെയ്തത്. തുറന്നു പറഞ്ഞ സ്ത്രീകൾക്കെല്ലാം എന്‍റെ പിന്തുണയുണ്ട്. ഇനിയൊരാൾക്കും ഈ അനുഭവം ഉണ്ടാകരുത്.' പല്ലവി പറയുന്നു.

READ MORE:

ആരോപണം നിഷേധിച്ച എം.ജെ.അക്ബർ പല്ലവിയുമായി ഉണ്ടായിരുന്നത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് വ്യക്തമാക്കിയത്. വാർത്ത ഇവിടെ. 

ആരോപണം നിഷേധിച്ച്, അക്ബറിന് പിന്തുണയുമായി ആദ്യമായി ഭാര്യ മല്ലികാ അക്ബറും രംഗത്തുവന്നു. വാർത്ത ഇവിടെ.

പല്ലവി ഗൊഗോയി വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ കോളം ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios