ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബറിന്‍റെ രാജിക്കായി സമ്മർദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിർന്ന ബിജെപി നേതാക്കൾക്കുമുള്ളത്

ദില്ലി: 'മീ ടൂ' മൂവ്മെന്‍റില്‍ കുടുങ്ങിയ കേന്ദ്ര സഹമന്ത്രി എം.ജെ. അക്ബറിനെതിരെ ബിജെപിയില്‍ കൂടുതല്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. എം.ജെ. അക്ബറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണിപ്പോള്‍ ഏറ്റവും അവസാനമായി രംഗത്ത് എത്തിയിരിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ലെെംഗിക ആരോപണങ്ങളില്‍ എത്രയും വേഗം അദ്ദേഹം മറുപടി നല്‍കണമെന്ന ആവശ്യമാണ് സ്മൃതി ഇറാനി ഉന്നയിച്ചത്. നേരിട്ട പ്രശ്നങ്ങളും അതിക്രമങ്ങളും തുറന്ന് പറയുന്നവരെ വിധിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

എം.ജെ. അക്ബറിനെതിരായ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ വിഷയത്തില്‍ അദ്ദേഹമാണ് ഉത്തരം പറയേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. താന്‍ ആ സമയങ്ങളില്‍ അവിടെ ഇല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ലൈംഗിക ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബറിന്‍റെ രാജിക്കായി സമ്മർദ്ദം ശക്തമായിട്ടുണ്ട്. അക്ബറിനെ സംരക്ഷിക്കേണ്ടെന്ന നിലപാടാണ് പല മുതിർന്ന ബിജെപി നേതാക്കൾക്കുമുള്ളത്. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.

എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി ഉണ്ട്. അക്ബർ തുടരുന്നത് ശരിയല്ലെന്ന് ചില മുതിർന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. അക്ബര്‍ തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷമാണെന്നാണ് വിലയിരുത്തൽ.