കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍(70)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

പ്രമാദമായ പല കേസുകളിലും ഹാജരായ അദ്ദേഹം നായനാറിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. കെ.എം. മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസിലും അദ്ദേഹം ഹാജരായിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിതനായെങ്കിലും വിവാദത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ അഭിഭാഷകനായിരുന്നു.