സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും സര്‍ക്കാറിനെതിരെ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ഐസ്ക്രീം കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും കോടതിയില്‍ എം.കെ ദാമോദരന്‍ ഹാജരായത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. .നിയമോപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിവാദങ്ങളും കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

കുമ്മനത്തിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ തന്നെ എം.കെ ദാമോദരന്‍ ഈ പദവി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി എന്നാല്‍ മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്ടാവ് ആവശ്യമുണ്ടോ ഇത്തരമൊരു പദവി നിയമപരമായി നിലനില്‍ക്കുമോ എന്നിങ്ങനെയുള്ള ഹരജിയിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. 

ഭരണഘടനാ പദവിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിരിക്കെ ദാമോദരന് സര്‍ക്കാര്‍ കേസുകളില്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്ന് മറ്റ് കേസുകളും ഏറ്റെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതോടൊപ്പം മുമ്പ് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരന് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം നല്‍കിയതിലുള്ള അതൃപ്തിയും തീരുമാനത്തിന് പിന്നിലുണ്ടെന്നു സൂചനയുണ്ട്.

ഒപ്പം ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ദാമോദരന്റെ നിയമനം സി.പി.ഐ ശക്തമായി ഉന്നയിക്കുമെന്ന് കഴിഞ്ഞദിവസം കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. .