കൊല്ലപ്പെട്ട ജവാന്റെ ബന്ധുവാണെന്ന് അറിയില്ലായിരുന്നുവെന്നും അയാൾ അച്ചടക്കമില്ലാതെ പെരുമാറിയപ്പോൾ ഇരിക്കാൻ ആവശ്യപ്പെട്ടതാണെന്നും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും എംഎല്‍എ പറഞ്ഞു. 

ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ ബന്ധുവിനെ മര്‍ദ്ദിച്ച സംഭവത്തിൽ ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്‍താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ ബന്ധുവാണെന്ന് അറിയില്ലായിരുന്നുവെന്നും അയാൾ അച്ചടക്കമില്ലാതെ പെരുമാറിയപ്പോൾ ഇരിക്കാൻ ആവശ്യപ്പെട്ടതാണെന്നും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും എംഎല്‍എ പറഞ്ഞു. 

കൊല്ലപ്പെട്ട ജവാൻമാരോടും അവരുടെ കുടുംബത്തോടും വലിയ ബഹുമാനമുണ്ട്. ഫെബ്രുവരി 16ന് കൊല്ലപ്പെട്ട ജവാൻ മനോജ് കുമാർ ബെഹ്‌റയുടെ വീട്ടിൽ പോകുകയും അദ്ദേഹത്തിൻറെ മാതാപിതാക്കൾക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ബെഹ്റയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോൾ താനും ഒപ്പം പോയിരുന്നു. ആ സമയത്താണ് ചടങ്ങിനെത്തിയ ഒരാൾ അച്ചടക്കമില്ലാതെ പെരുമാറുന്നത് കണ്ടത്. അദ്ദേഹത്തോട് ഞാൻ നിലത്ത് ഇരിക്കാൻ ആവശ്യപ്പെട്ടു. പിന്നീടാണ് അദ്ദേഹം ബെഹ്റയുടെ ബന്ധുവാണെന്ന് അറിഞ്ഞതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ മനോജ് കുമാർ ബെഹ്‌റയുടെ ബന്ധുവിനെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. നാട്ടിലെത്തിച്ച ബെഹ്‌റയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയായിരുന്നു സംഭവം. ഒഡീഷയിലെ കട്ടക്കിലെ രതന്‍പൂർ സ്വദേശിയാണ് ബെഹ്റ. 

ബെഹ്‌റുടെ മൃതദേഹത്തിന് അരികെ വച്ച് എംഎൽഎ ബന്ധുവിനെ പിടിച്ചു വലിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഒഡീഷ മന്ത്രി പ്രതാപ് ജെനയും എംഎല്‍എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു. സംഭവത്തിൽ എംഎല്‍എയുടെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് മാപ്പ് പറഞ്ഞ് എംഎൽഎ രം​ഗത്തെത്തിയത്.