കൊച്ചി: പതിമൂന്നാം നിയമസഭയില്‍ എംഎല്‍എമാരുടെ ചികിത്സയ്ക്കു സംസ്ഥാനം ചെലവാക്കിയത് അഞ്ചുകോടിയിലേറെ രൂപ. 1.91 കോടി രൂപ കൈപ്പറ്റിയ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണു പട്ടികയില്‍ മുന്നില്‍. സിപിഐ നേതാവ് സി. ദിവാകരന്‍ 13 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു നിയമസഭാ സെക്രട്ടേറിയേറ്റ് നല്‍കിയ മറുപടിയിലാണ് എംഎല്‍എമാര്‍ കൈപ്പറ്റിയ ചികിത്സാ ചെലവിന്റെ കണക്കുളളത്. കഴിഞ്ഞ മാര്‍ച്ച് 31 വരെ കൈപ്പറ്റിയ ചികിത്സാ ചെലവു പരിശോധിക്കുമ്പോള്‍ എംഎല്‍എമാരില്‍ പലരും രോഗികളാണെന്നാണ് സൂചന. 57സാമാജികര്‍ രണ്ടു ലക്ഷത്തില്‍പ്പരം രൂപ ചികിത്സയ്ക്കു കൈപ്പറ്റിയെന്നാണു രേഖയില്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് എം നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സിഎഫ് തോമസ് 11 ലക്ഷം, സിപിഎം നേതാവ് എം ചന്ദ്രന്‍ 10 ലക്ഷം, എം ഹംസയും ജമീലാ പ്രകാശവും എട്ടു ലക്ഷം വീതം, സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍ ഏഴു ലക്ഷം എന്നിങ്ങനെ കൈപ്പറ്റിയെന്നാണു രേഖ.

സിപിഐഎം പി ബി അംഗം എം.എ. ബേബി മൂന്നര ലക്ഷത്തിലേറെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നു ലക്ഷവും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് നാലു ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. 2.86 ലക്ഷം രൂപയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൈപ്പറ്റിയത്.

എല്‍എമാരുടെ പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കുളള ചികിത്സാ ചെലവും എംഎല്‍എമാരുടെ പട്ടികയില്‍ വരുമെന്നു നിയമസഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കുന്നു. ദിനബത്ത, യാത്രാബത്ത ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നതു കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരനാണ്. 19.01 ലക്ഷം രൂപ. മുന്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന പെന്‍ഷന്‍ ഇനത്തില്‍ ഏറ്റവും കുടുതല്‍ തുക വാങ്ങുന്നത് ജെഎസ് എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയാണ്. 35000 രൂപ.