Asianet News MalayalamAsianet News Malayalam

പാൻ കാർഡ് വിവരങ്ങള്‍ സമർപ്പിക്കാന്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് മടി

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് പാൻ കാർഡ് വിശദാംശങ്ങൾ പുറത്തുവിടാത്ത 199 എംഎൽഎമാരിൽ 33 പേരും കേരളത്തിൽനിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

MLAs in kerala not declared PAN details
Author
New Delhi, First Published Oct 27, 2018, 2:10 PM IST

ദില്ലി: പാൻ കാർഡ് വിശദാംശങ്ങൾ പുറത്തുവിടാത്ത എംഎൽഎമാരുടെ പട്ടികയിൽ കേരളം ഒന്നാമത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് പാൻ കാർഡ് വിശദാംശങ്ങൾ പുറത്തുവിടാത്ത 199 എംഎൽഎമാരിൽ 33 പേരും കേരളത്തിൽനിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) എന്നിവരാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

രാജ്യത്തെ 542 എംപിമാരുടേയും 4,086 എംഎൽഎമാരുടേയും പാൻ വിവരങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഏഴ് എംപിമാർ പാൻ വിവരങ്ങൾ സമർപ്പിക്കാത്തതും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയോടൊപ്പം പാൻ വിശദാംശങ്ങൾ റിട്ടേണിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിക്കണം.

പാൻ കാർഡ് സമർപ്പിക്കാത്ത എംഎൽഎമാരിൽ 51 പേർ കോൺഗ്രസിൽ നിന്നും 42 പേർ ബിജെപിയിൽ നിന്നും 25 പേർ സിപിഎമ്മില്‍ നിന്നുമുള്ളവരാണ്. ഇതിൽ സംസ്ഥാന തലത്തിൽ പാൻ കാർഡ് സമർപ്പിക്കാത്ത എംഎൽഎമാർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 140 എംഎൽഎമാരിൽ 33 പേരും പാൻ സമർപ്പിക്കാതെയാണ് മത്സരിച്ചത്. മിസോറാം (28), മധ്യപ്രദേശ് (19) എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്തായി തൊട്ടുപുറകിലുണ്ട്. മിസോറാമിലെ 40 എംഎൽഎമാരിൽ 28 പേർ പാൻ കാർഡ് സമർപ്പിച്ചിട്ടില്ല.

ഒഡീഷ, തമിഴ്നാട്, ആസം, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എംപിമാരാണ് പാൻ വിശദാംശങ്ങൾ നൽകാതെ മത്സരിച്ചത്. ഒഡീഷയിൽ നിന്ന് രണ്ട് ബിജെഡി എംപിമാരും തമിഴ്നാട്ടിൽനിന്ന് രണ്ട് എഐഡിഎംകെ എംപിമാരും മറ്റ് സംസ്ഥാനങ്ങളിലെ ഓരോ എംപിമാരും വീതം പാൻ വിവരങ്ങൾ നൽകിയിട്ടില്ല.

ഏറ്റവും കൂടുതൽ തവണ പുനര്‍ തെരഞ്ഞെടുപ്പ്‌ നടത്തിയ ബിജെപി(18), കോൺഗ്രസ്സ് (9), ജെഡിയു (3) എംഎൽഎമാരുടെ പാൻ വിശദാംശങ്ങൾ വൈരുദ്ധ്യം നിറഞ്ഞതാണ്.  കൂടാതെ ബിജെഡി (4), ബിജെപി(2), കോൺഗ്രസ്സ് (2) എന്നീ എംപിമാരുടേയും പാൻ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios