Asianet News MalayalamAsianet News Malayalam

പ്രിയനന്ദനെ കയ്യേറ്റം ചെയ്ത സംഭവം; ആര്‍എസ്എസിനെ വിമര്‍ശിച്ച് എം എം മണി

തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്ത എല്ലാവരെയും ആക്രമിക്കുക, നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കാമെന്ന് ആർഎസ്എസും സംഘ പരിവാറും ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണെന്നും എം എം മണി കുറിച്ചു

mm mani against rss in attacking director priyanandan
Author
Thiruvananthapuram, First Published Jan 25, 2019, 5:58 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം  നടത്തിയ സംഭവത്തില്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച് മന്ത്രി എം എം മണി. പ്രിയനന്ദനെ കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിന് മേൽ ചാണക വെള്ളം ഒഴിക്കുകയും ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഫേസ്ബുക്കില്‍ എം എം മണി കുറിച്ചു.

ഈ നടപടിക്കെതിരെ സാംസ്കാരിക കേരളം ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതാണോ അദ്ദേഹം ചെയ്ത തെറ്റ്? തങ്ങളുടെ നിലപാടുകളെ അംഗീകരിക്കാത്ത എല്ലാവരെയും ആക്രമിക്കുക, നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കാമെന്ന് ആർഎസ്എസും സംഘ പരിവാറും ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണെന്നും എം എം മണി കുറിച്ചു.

സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം  നടത്തിയ സംഭവത്തിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. പ്രിയനന്ദനന്‍റെ  തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും.

ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. ഇതിനിടെ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios