പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. ഇതില്‍ 25,51,578 വീടുകളിലും കണക്ഷന്‍ പുന:സ്ഥാപിച്ചുകഴിഞ്ഞെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയാത്തവിധം വയറിംഗ് മോശമായ അവസ്ഥയിലുള്ള 449 വീടുകള്‍ക്ക് പ്രത്യേക ഒറ്റപോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ പിടിയില്‍ നിന്ന് കേരളം പതുക്കെ മോചിതമാകുകയാണ്. വൈദ്യുതി ബന്ധം തകരാറിലായി ഇരുളടഞ്ഞ മേഖലകളിലും വീടുകളിലും അത് പുനസ്ഥാപിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി.

പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. ഇതില്‍ 25,51,578 വീടുകളിലും കണക്ഷന്‍ പുന:സ്ഥാപിച്ചുകഴിഞ്ഞെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയാത്തവിധം വയറിംഗ് മോശമായ അവസ്ഥയിലുള്ള 449 വീടുകള്‍ക്ക് പ്രത്യേക ഒറ്റപോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇനി അവശേഷിക്കുന്നത്, വെള്ളമിറങ്ങാത്തതുമൂലം ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ കഴിയുന്നവരുടെ വീടുകളില്‍ മാത്രമാണെന്നും ഇത് ഏതാണ്ട് 8590 കണക്ഷനുകള്‍ മാത്രമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

എംഎം മണിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

"ദുരന്തഭൂമിയില്‍ നിന്നും നവകേരളത്തിന്റെ സൃഷ്ടിക്കായുള്ള കൂട്ടായ്മയില്‍ നമുക്ക് ഒത്തുചേരാം"

പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. സമയബന്ധിതമായി വൈദ്യുതി കണക്ഷന്‍ തിരികെ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമമാണ് കെ.എസ്.ഇ.ബി. നടത്തിയത്. ഇതില്‍ 25,51,578 വീടുകളിലും കണക്ഷന്‍ പുന:സ്ഥാപിച്ചുകഴിഞ്ഞു. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയാത്തവിധം വയറിംഗ് മോശമായ അവസ്ഥയിലുള്ള 449 വീടുകള്‍ക്ക് പ്രത്യേക ഒറ്റപോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത്, വെള്ളമിറങ്ങാത്തതുമൂലം ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ കഴിയുന്നവരുടെ വീടുകളില്‍ മാത്രമാണ്. (ഇത് ഏതാണ്ട് 8590 കണക്ഷനുകള്‍ മാത്രം).

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ എല്ലാ സുരക്ഷാ പരിശോധനകളും, സാധനസാമഗ്രികളും പൂര്‍ണ്ണമായും കെ.എസ്.ഇ.ബി.യുടെ ചെലവില്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

തകരാറിലായ പതിനാറായിരത്തിലധികം ട്രാന്‍സ്ഫോര്‍മറുകളില്‍ 98 ശതമാനവും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണത്തിനുള്ള പമ്പ് ഹൗസുകളിലെ കണക്ഷനുകള്‍ എല്ലാം തന്നെ പുന:സ്ഥാപിച്ചു കഴിഞ്ഞു.

ഈ ഉദ്യമത്തില്‍ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാര്‍, കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റ് ജീവനക്കാര്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, വയര്‍മെന്‍ അസോസിയേഷനുകള്‍, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ സംഘടനകളും വ്യാപാരികളും ഒക്കെ നല്‍കിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനം പ്രത്യേകം സ്മരിക്കുന്നു.

പ്രളയബാധിതരുടെ വീടുകളിലെ വൈദ്യുതി ബന്ധം തികച്ചും സൗജന്യമായി പുന:സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രതിഫലം ഈടാക്കി കണക്ഷനുകള്‍ പുന:സ്ഥാപിച്ചു തരാമെന്ന ചില വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.