ലക്നൗ: പൊലീസ് വാഹനത്തില്‍നിന്ന് യുവാവിനെ വലിച്ചിട്ട് അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണ വിധേയമായി രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കൃത്യവിലോപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവവേളയിൽ പൊലീസുകാർ  നോക്കി നിൽക്കുന്നതിന്റെ  ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഉത്തർപ്രദേശിലെ ശാമിലി ജില്ലയിലാണ് സംഭവം നടന്നത്. രാജേന്ദർ സിംഗ്(30) എന്നയാളെ പൊലീസിന്റെ മുന്നിലിട്ട് ഒരു കൂട്ടം ആളുകൾ അടിച്ച് കൊല്ലുകയായിരുന്നു. രാജേന്ദറിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹോദരൻ അങ്കിത് ആറ് പേർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് പേരില്‍ ഒരാളായ മുഹമ്മദ് ആരിഫിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് അഞ്ച് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. 

സംഭവ ദിവസം രാജേന്ദ്ര മദ്യപിച്ച് വന്ന് ഗ്രാമവാസികളായ ചെറുപ്പക്കാരുടെ ദേഹത്ത് തുപ്പിയിരുന്നു. ഇതിൽ ക്ഷുഭിതരായ ചില യുവാക്കൾ രാജേന്ദറിനെ മർദ്ദിച്ചതിന് ശേഷം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് വാനിൽ കയറ്റിയിട്ടും ആൾക്കുട്ടം വീണ്ടും ഇയാളെ അക്രമിക്കുകയായിരുന്നു. എന്നാൽ, ഇതെല്ലാം കണ്ടിട്ടും നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നു പൊലീസ് എന്നായിരുന്നു ആരോപണം.
  
മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് മരിച്ചു. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പി പൊലീസിന്‍റെ വീഴ്ച സമ്മതിച്ചിരുന്നു. ആദ്യം ഗ്രാമത്തിലെ ആളുകള്‍ക്കിടയിലെ ശത്രുതയെന്ന് സംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വീഡിയോ പ്രചരിച്ചതോടെ പിഴവ് സമ്മതിക്കേണ്ടി വരികയായിരുന്നു.