നാഗ്പൂര്‍: ഗോ രക്ഷകരുടെ മര്‍ദ്ദനമേറ്റ ബി.ജെ.പി പ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്ന് കണ്ടെടുത്ത മാംസം ബീഫ് തന്നെയാണെന്ന് വ്യക്തമായി. ഇറച്ചിയുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചുവെന്നും ഇതിലാണ് ബീഫാണെന്ന് വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

ബി.ജെ.പിയുടെ കടോള്‍ യൂണിറ്റ് അംഗമായ സലിം സബ എന്നയാളാണ് ജൂലൈ 12ന് ഗോ രക്ഷകരുടെ മര്‍ദ്ദനത്തിനിരയായത്. മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് വരവെ, ആറ് പേരടങ്ങിയ ഗോ രക്ഷകരുടെ സംഘം പ്രദേശത്തെ ഒരു ബസ്റ്റോപ്പില്‍ വെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബീഫ് കൊണ്ടുപോകുന്നുവെന്ന സംശയം പ്രകടിപ്പിച്ചായിരുന്നു തടഞ്ഞത്. വാഹനത്തില്‍ മാംസം കണ്ടതോടെ സംഘം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സലിമിന്റെ വീട്ടുകാര്‍ തയ്യാറായില്ല. എന്താണ് കൈയ്യിലുള്ളതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന് മാത്രമാണ് ചില ബന്ധുക്കള്‍ അഭിപ്രായപ്പെട്ടത്. സലിമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ബി.ജെ.പി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.