വൈകുന്നേരം നാലുമണിയോടെയാണ് ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കലൂരിലെ ഫ്രാഞ്ചൈസിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇടുക്കി രാജാക്കാട് സ്വദേശിയായ സണ്ണി തോമസ് കഴിഞ്ഞ ദിവസം ഈ ഔട്ട്‍ലെറ്റിലെത്തി സിം കാര്‍ഡ് എടുത്തിരുന്നു. സിം കാര്‍ഡ് ഇന്ന് ആക്ടീവ് ആകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആയില്ല. അതേ തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ കടയിലെത്തിയ ഇയാള്‍ കടയുടമയുമായി വാക്കു തര്‍ക്കത്തിലായി. കടയുടമയുടെ മറുപടിയില്‍ തൃപ്തനാവാതിരുന്ന ഇയാള്‍ പുറത്തേക്ക് പോയി ആസിഡുമായി തിരിച്ചെത്തി കടയിലെ ജീവനക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു.

ആഡിഡ് കണ്ണില്‍ വീണ ജീവനക്കാരന്‍ സക്കറിയക്ക് പരിക്കേറ്റു. തുടര്‍ന്ന് മറ്റ് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കലൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് നോര്‍ത്ത് സിഐ അറിയിച്ചു.