കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്‍റെ ലഗേജില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നഷ്ടമായതായി പരാതി. ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ നയീമിന്‍റെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്.

കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ നയീം മൊട്ടത്ത് കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യഎക്സ്പ്രസിലാണ് ഇദ്ദേഹം എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ലഭിച്ചപ്പോള്‍ ഒരു ബാഗ് പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ഈ യുവാവ് പറയുന്നു. ബാഗില്‍ ഉണ്ടായിരുന്ന ഐ ഫോണ്‍ 7 അടക്കം മൂന്ന് വില കൂടിയ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. 85,000 രൂപ വില വരുന്നതാണിതെന്ന് നയീം വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതെന്നും ഇവ തിരികെ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇത്തരത്തില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് തുടര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ചൊവ്വാഴ്ച കോഴിക്കോട്ട് ചേര്‍ന്ന കരിപ്പൂര്‍ എയര്‍പോര്ട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലും വിമാനത്താവളത്തില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമാകുന്നതിനെക്കുറിച്ച് അക്ഷേപം ഉയര്‍ന്നിരുന്നു.