ദില്ലി: ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണിന് തീപിടിച്ചു. വിമാനത്തിനുള്ളില്‍ പുക നിറഞ്ഞ് ആശങ്ക പടര്‍ന്നെങ്കിലും ഒടുവില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഫോണ്‍ വെള്ളത്തിലിട്ട് പ്രശ്നം പരിഹരിച്ചു.
ദില്ലിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള വിമാനത്തില്‍ 120 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദില്ലി സ്വദേശിയായ അര്‍പിത തന്റെ ഹാന്റ് ബാഗില്‍ മൂന്ന് ഫോണുകളുമായാണ് വിമാനത്തില്‍ കയറിയത്. കൂട്ടത്തിലുണ്ടായിരുന്ന സാംസങ് ജെ -7 ആണ് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ തീയണയ്ക്കാനുള്ള ഉപകരണവുമായി ഒരു എയര്‍ഹോസ്റ്റസ് എത്തിയെങ്കിലും അത് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്നാണ് ഫോണ്‍ വെള്ളത്തിലിട്ട് തീയണച്ചത്. അഗ്നിശമന ഉപകരണം പ്രവര്‍ത്തിക്കാത്ത സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സിനെതിരെ പരാതിപ്പെടുമെന്ന് അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ പറഞ്ഞു.
കൂടുതല്‍ പരിശോധനകള്‍ക്കായി ഫോണ്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവില്‍ വ്യോമയാന ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
