മൂന്നൂവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചെങ്കിലും പ്രവാസിക്ഷേമ കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മക നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്ന ആരോപണം പ്രവാസികള്‍ക്കിടയിലുണ്ട്.

കഴിഞ്ഞദിവസം അവതിരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം പോലും നടത്താതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഗള്‍ഫ് പര്യടനത്തിനെത്തുന്നത്. ഗള്‍ഫ് മേഖലയിലെ പ്രതികൂല രാഷ്‍ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം മടങ്ങി വരുന്ന ഇന്ത്യക്കാരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകള്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചെങ്കിലും പ്രവാസിക്ഷേമ കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മക നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്ന ആരോപണം പ്രവാസികള്‍ക്കിടയിലുണ്ട്.

വിമാന യാത്രക്കാരുടെ ബാഗേജ് അലവന്‍സ് ആനുപാതികമായി ഉയര്‍ത്തണമെന്നത് പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യം കേന്ദ്രബജറ്റ് തള്ളിയെന്ന് മാത്രമല്ല 45,000 രൂപക്ക് തുല്യമായ സാധനങ്ങള്‍ മാത്രം ഒരു യാത്രക്കാരന് ബാഗേജായി കൊണ്ടു വരാമെന്ന നിലവിലെ സ്ഥിതി തുടരുമെന്നാണ് ബജറ്റ് പറയുന്നത്. പ്രവാസി വോട്ടവകാശം, സ്വര്‍ണത്തിനും ഗൃഹോപകരണങ്ങള്‍ക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി, ഇരട്ട നികുതി, കാര്‍ഗോ ക്ലിയറന്‍സിന് നേരിടുന്ന കാലതാമസം തുടങ്ങി ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഞായറാഴ്ച ദുബായി ഒപേര ഹൗസില്‍ രാജ്യത്തെ ക്ഷണിക്കപ്പെട്ട 2000 ഇന്ത്യക്കാരുമായി പ്രധാനമന്ത്രി സംവദിക്കുമ്പോള്‍ തങ്ങള്‍ക്ക് ആശ്വാസമേകുന്ന എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ 30ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹം.