കോഴിക്കോട്: മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി കാണണമെന്നും വോട്ട് ബാങ്ക് ആയി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു മോദി. മുസ്ലീങ്ങളെ തിരസ്ക്കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്ന് ദീൻ ദയാൽ ഉപാധ്യായ പറഞ്ഞിട്ടുണ്ട് . മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി തന്നെ കാണണം. വോട്ട് ബാങ്ക് ആയി കാണരുത്. ദളിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു .

ജനസംഘത്തിൽ നിന്ന് മാറിയെങ്കിലും ലക്ഷ്യം വ്യതിചലിച്ചിട്ടില്ലെന്നും മൂല്യങ്ങളിൽ വിട്ട് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ശതാബ്ദി വർഷത്തിൽ ഭരണരംഗത്ത് ബിജെപി പുത്തൻ ദിശയിലാണ്. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ് അതുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്കും യുവത്വമുണ്ടാകണം . സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ മൂല്യങ്ങളിൽ ഉണ്ടായ ചോർച്ച ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും മോദി വ്യക്തമാക്കി .
