പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി' ന്‍റെ 50-ാം പതിപ്പിലാണ് മോദി ഇക്കാര്യം പറഞ്ഞത്

ദില്ലി: 'മോദി വരികയും പോകുകയും ചെയ്യും, എന്നാല്‍ രാജ്യം എക്കാലവും ഒറ്റക്കെട്ടായി തുടരു'മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി' ന്‍റെ 50-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു മോദി.,

‘മൻ കി ബാത്ത്’ രാഷ്ട്രീയം ചർച്ച ചെയ്യാനുള്ള വേദിയല്ല. ഇതിൽ രാഷ്ട്രീയം കൊണ്ടുവരാതെ ഇത്രയും കാലം കൊണ്ടുപോകാനായതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിന് തുടക്കം കുറിക്കുമ്പോള്‍ തന്നെ മനസ്സില്‍ കരുതിയിരുന്നതാണ് ഇതില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തരുത് എന്ന്. ഇതില്‍ മോദിയോ മറ്റ് രാഷ്ട്രീയ നേട്ടങ്ങളോ കടന്നുവരരുതെന്ന് ആഗ്രഹിച്ചിരുന്നു. ഈ ലക്ഷ്യം സാധിച്ചത് നിങ്ങളുടെ എല്ലാരുടെയും സഹകരണം കൊണ്ടാണ്- മോദി പറഞ്ഞു. 

രാഷ്ട്രീയക്കാരുടെ പരാതി മാധ്യമങ്ങള്‍ എപ്പോഴും നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമേ നല്‍കാറുളളൂ എന്നൊക്കെയാവാം. എന്നാല്‍ മന്‍ കി ബാത്തില്‍ ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അതിന് മാധ്യമങ്ങളോട് പ്രത്യേകം നന്ദി പറയുന്നു എന്നും മോദി പറഞ്ഞു.