രാഹുൽ ഗാന്ധിയും റാലികൾക്കെത്തിയതോടെ ബീഹാറിലെ പ്രചാരണ രംഗം ചൂടുപിടിച്ചു.
ദില്ലി: ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചു എന്ന് ബീഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിൽ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടു വരാനാണെന്നും മോദി മുസഫർപൂരിലെ റാലിയിൽ പറഞ്ഞു. ബീഹാറിലെ ആദ്യ ഘട്ട പ്രചാരണം അഞ്ചു ദിവസം ബാക്കിനില്ക്കെ രണ്ടു പക്ഷവും റാലികളിലൂടെ പ്രചാരണം ഊർജ്ജിതമാക്കുകയാണ്.
ബീഹാറിലെ മുസഫർപൂരിലാണ് നരേന്ദ്ര മോദി കോൺഗ്രസ് ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്ന് ആരോപണം ഉയർത്തിയത്. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വോട്ട് കിട്ടിയാൽ മോദി ഡാൻസ് കളിക്കാനും തയ്യാറാകുമെന്നും രാഹുൽ പരിഹസിച്ചിരുന്നു. രാജ്യത്തിൻറെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു. ബീഹാറിലെ ഇത്തവണത്തെ വാർത്ത കോൺഗ്രസിനും ആർജെഡിക്കും ഇടയിലെ ഭിന്നതയാണ്. പ്രാദേശിക തലത്തിൽ രണ്ടു പാർട്ടികളും ഏറ്റുമുട്ടുകയാണ്. എന്നാൽ ഇല്ലാത്ത സൗഹൃദം അധികാരത്തിനു വേണ്ടി തേജസ്വിയും രാഹുലും പ്രകടിപ്പിക്കുന്നു. ഇത് ബീഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമെന്നും മോദി പറഞ്ഞു. നരേന്ദ്ര മോദിയുടെ വാക്കുകൾ ബീഹാറിലെ ജനം തള്ളുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുലിൻറെ പ്രസ്താവന മോദി വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ രണ്ടു റാലികൾക്കൊപ്പം നിതീഷ് കുമാർ നാലു യോഗങ്ങളിലാണ് ഇന്ന് സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയും റാലികൾക്കെത്തിയതോടെ ബീഹാറിലെ പ്രചാരണ രംഗം ചൂടുപിടിച്ചു.


