ദില്ലി: ഗോരക്ഷാ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചു വീണ്ടും പ്രധാനമന്ത്രി. ഗോരക്ഷയുടെ പേരു പറഞ്ഞു ചിലര്‍ സമൂഹത്തില്‍ സമ്മര്‍ദമുണ്ടാക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും വേണമെന്നും പ്രധാനമന്ത്രി തെലങ്കാനയിലെ ഗജ്‌വെലില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുപിയിലെ ദാദ്രിയില്‍ തുടങ്ങി ഗുജറാത്തിലെ ഉനയില്‍ എത്തി നില്‍ക്കുന്ന ഗോരക്ഷാപ്രവര്‍ത്തകരുടെ അതിക്രമങ്ങളെ വൈകിയാണെങ്കിലും ഇന്നലെ ദില്ലിയില്‍ നടന്ന ടൗണ്‍ഹാള്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഗോരക്ഷാപ്രവര്‍ത്തകര്‍ എന്ന പേരില്‍ അക്രമം നടത്തുന്നവര്‍ സാമുഹ്യവിരുദ്ധരാണെന്നും മുഖം മുടിയണിഞ്ഞ സാമുഹ്യവിരുദ്ധര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണു വീണ്ടും രൂക്ഷ വിമര്‍ശനവുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഇത്തരക്കാരെ ശിക്ഷിക്കണമെന്നും മോദി പറഞ്ഞു.

അതേസമയം ഇന്നലെ ഗോരക്ഷകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു മണിക്കൂറുകള്‍ കഴിയുമ്പെ, മധ്യപ്രദേശില്‍ ഗോ സംരക്ഷണ സേനയുടെ മര്‍ദനം ഭയന്ന് പുഴയില്‍ ചാടിയ ട്രക്ക് ഡ്രൈവര്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി മനുഭായ് എന്ന ട്രക്ക് ഡ്രൈവറാണു ഗോ രക്ഷകരെ പേടിച്ച് പുഴയില്‍ ചാടിയതിനെത്തുടര്‍ന്നു മുങ്ങി മരിച്ചത്.

മനുഭായ് ഓടിച്ച വാഹനം മൂന്ന് പശുക്കളെ ഇടിക്കുകയും പശുക്കള്‍ ചാവുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്രമിക്കാന്‍ വന്നപ്പോഴാണു പേടിച്ച് പുഴയിലേക്കു ചാടിയത്.