റാലി ഒഴിവാക്കി അവസാന റൗണ്ടിലും വോട്ടെടുപ്പിനായുള്ള പാര്‍ട്ടി ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്ന തിരിക്കലായിരുന്നു ബി.എസ്.പി നേതാവ് മായാവതി
കബറിസ്ഥാന്‍ പരാമര്‍ശത്തിലൂടെയും വൈദ്യുതി വിതരണത്തിലെ വിവേചനമെന്ന ആരോപണത്തിലൂടെയുമാണ് യു.പി തിരഞ്ഞെടുപ്പില്‍ മോദി ഹിന്ദുത്വകാര്‍ഡ് ഇറക്കിയത് .പ്രചാരണ കലാശക്കൊട്ടിന്റെ നാളിലാണ് ഇതിന് യു.പി മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ മറുപടി പറയുന്നത്.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് അഖിലേഷ് പറയുന്നു. വൈദ്യുതി വിതരണത്തില്‍ എസ്.പി സര്‍ക്കാരിന് വിവേചനമില്ല .മോദിയുടെ വാരാണാസിയില്‍ പോലും 24 മണിക്കറും വൈദ്യുതി കൊടുത്തു. മന്‍കി ബാത്തിന് പകരം മോദി കാം കി ബാത്ത് നടത്തണം. അച്ഛേ ദിന്‍ വെറും വാചകമടി മാത്രമായെന്നും അഖിലേഷ് കളിയാക്കി.
അച്ഛേ ദിന്‍ പൊട്ടിപ്പോയ സിനിമയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. എല്ലാ താനാണെന്ന് വരുത്താനാണ് മോദിയുടെ ശ്രമം . ഐ.എസ്.ആര്‍.ഒ റോക്കറ്റി വിക്ഷേപിച്ചാലും അതു താനാണ് ചെയ്തതെന്ന് മോദി പറയും. വാരാണസിയില്‍ ആദ്യം നടത്തിയ റോഡ് ഷോ ഏശിയില്ലെന്ന് മനസിലായതോടെ മോദി പിന്നെയും റോഡ് ഷോ നടത്തി . പശുവിന് തീറ്റ കൊടുത്തതു കൊണ്ടോ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ വീട്ടില്‍ പോയതു കൊണ്ടോ യു.പിയില്‍ മോദി രക്ഷപ്പെടില്ല . സ്വസ്ഥതയില്ലാത്ത പൂച്ച തൂണില്‍ മാന്തുന്നതു പോലെയാണ് ഇതെല്ലാമെന്നും രാഹുല്‍ കളിയാക്കി .
കൊട്ടിക്കലാശ ദിനത്തില്‍ റാലികള്‍ ഒഴിവാക്കിയ മായാവതി ലക്‌നൗവിലെ വീട്ടിലിരുന്നു അവസാനഘട്ടത്തില്‍ 40 സീറ്റുകളില്‍ വോട്ടെടുപ്പ് ഒരുക്കങ്ങളെ നിയന്ത്രിച്ചു. മീററ്റു മുതല്‍ വാരാണസി വരെ 53 റാലികളിലാണ് മായാവതി പ്രസംഗിച്ചത് . വോട്ടെടുപ്പ് കഴിഞ്ഞ സീറ്റുകളിലെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞ മായാവതി യു.പി ബി.എസ്.പി ഭരിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം പങ്കുവയ്ക്കുന്നു
