ഗുജറാത്തിലെ ഹിമ്മത്ത്ന​ഗറിൽ സംഘടിപ്പിച്ച റാലിയിൽ  സംസാരിക്കവെയാണ് മോദിക്കെതിരെ പട്ടേൽ വിമർശനമുന്നയിച്ചത്. 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. നെഹ്റു ജാക്കറ്റ് ധരിച്ചതുകൊണ്ട് മോദിക്ക് ഒരിക്കലും നെഹ്റുവാകാൻ സാധിക്കില്ലെന്ന് പട്ടേൽ പറഞ്ഞു.​ ഗുജറാത്തിലെ ഹിമ്മത്ത്ന​ഗറിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് മോദിക്കെതിരെ പട്ടേൽ വിമർശനമുന്നയിച്ചത്.

ജാക്കറ്റ് ധരിച്ചതുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു അകാനോ ഡിസൈനർ ജാക്കറ്റുകളും കുർത്തയും ധരിച്ചതുകൊണ്ട് രാജീവ് ​ഗാന്ധിയോ ആകാൻ നിങ്ങൾക്ക് സാധിക്കില്ല. വിദേശയാത്രകൾ നടത്തിയാൽ ഇന്ദിരാ​ഗാന്ധി ആകുവാനും കഴിയില്ല. ഈ നേതാക്കളുടെ പട്ടികയിൽ കയറിക്കൂടണമെങ്കിൽ അവരെ പോലെ ത്യാ​ഗം ചെയ്യാനുള്ള മനസ്സ് വേണ്ടി വരും. നിങ്ങൾക്കതിനുള്ള ധൈര്യമുണ്ടോ?-പട്ടേൽ ചോദിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറി നാല് കൊല്ലത്തിനകം അപ്രസക്തരാവുമെന്ന് മോദി പ്രിതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും ബി ജെ പി എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞുവെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ബി ജെ പി അധികാരത്തിലേറിയാൽ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നും മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ മോദി എന്താണ് ചെയ്തതെന്ന് ജനങ്ങൾക്കറിയാം. നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ശേഷം വിളിക്കാതെ പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയുമാണ് മോദി ചെയ്തത്-അഹമ്മദ് പട്ടേല്‍ പരിഹസിച്ചു.