പ്രിട്ടോറിയ: ആണവ വിതരണ ഗ്രൂപ്പ് എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വത്തിന് ദക്ഷിണാഫ്രിക്ക പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പരസ്പര സഹകരണത്തിനുള്ള നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു.

മൊസാംബിക്കില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് കിട്ടിയത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് രണ്ടു നേതാക്കളും നടത്തിയ ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. വ്യാപാര വിനോദ സഞ്ചാര വ്യാപാര മേഖലകളില്‍ നാലു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. സോളില്‍ പരാജയപ്പെട്ട എന്‍ എസ് ജി അംഗത്വ നീക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോദി സന്ദര്‍ശനം ഉപയോഗിച്ചു. ആണവ വിതരണ ഗ്രൂപ്പ് അംഗത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് ജേക്കബ് സുമ നരേന്ദ്ര മോദിയെ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ ജനതയുമായുള്ള ദീര്‍ഘകാല ബന്ധം നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. നെല്‍സണ്‍ മണ്ഡേല ഫൗണ്ടേഷനും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ടാന്‍സാനിയ കെനിയ തുടങ്ങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷമാകും മോദി മടങ്ങുക.