ദില്ലി: ഇന്നു അധികാരമേറ്റ പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പോസ്റ്റിട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും മോദി അഭിനന്ദിച്ചു. കേരളത്തിന്റെ പുരോഗതിയ്‌ക്കായി പുതിയതായി അധികാരമേറ്റ സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ബി ജെ പി - സി പി ഐ എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപകമായ സാഹചര്യത്തിലാണ് മോദിയുടെ അഭിനന്ദന സന്ദേശം വന്നിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലും പങ്കെടുത്തിരുന്നു.


കേരളത്തില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മുതല്‍ സി പി ഐ എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാന വ്യാപകമായി സംഘര്‍ഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പിണറായിയില്‍ ഒരു സി പി ഐ എം പ്രവര്‍ത്തകനും തൃശൂരില്‍ ഒരു ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ബി ജെ പി നേതാക്കള്‍ ഗവര്‍ണറെയും രാഷ്‌ട്രപതിയെയും കാണുകയും എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്‌തിരുന്നു.