അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിശദീകരണവുമായി ഗുജറാത്ത് സര്‍വകലാശാല. നരേന്ദ്ര മോദിയ്‌ക്ക്പൊളിറ്റിക്കല്‍ സയന്‍സ് എംഎയ്‌ക്ക് 62% മാര്‍ക്കുണ്ടായിരുന്നെന്ന് ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. മാര്‍ക്കുകളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ പുറത്തുവിടുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന് ലഭ്യമാക്കാന്‍ ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേജ്‌രിവാള്‍ കമ്മിഷന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേജ്‌രിവാളിന് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതിനുള്ള മറുപടിയിലാണ് ഗുജറാത്ത് സര്‍വകലാശാല നിലപാട് വ്യക്തമാക്കിയത്.

ദില്ലി സര്‍വകലാശാലയില്‍നിന്ന് ബിഎ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ദില്ലി സര്‍വകലാശാല തയാറായിരുന്നില്ല. റോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാല നല്‍കിയ മറുപടി. ഇതേത്തുടര്‍ന്നാണ് കേജ്‌രിവാള്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് കത്തയച്ചത്.